തൊടുപുഴ: എല്‍ നിനോ പ്രതിഭാസത്തെ തുടര്‍ന്നുള്ള കാലാവസ്ഥ വ്യതിയാനം സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പിനെ സാരമായി ബാധിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഇതുമൂലം ഇത്തവണ മഴയുടെ അളവില്‍ ഗണ്യമായ കുറവാണുണ്ടായിരിക്കുന്നത്. വൈദ്യുതി വകുപ്പിനു കീഴിലുള്ള സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ജലനിരപ്പ് താഴ്ന്നനിലയില്‍ തുടരുന്നതിനാല്‍ ആഭ്യന്തര വൈദ്യുതി ഉത്പാദനം വെട്ടിക്കുറച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ പത്തു ദശലക്ഷം യൂണിറ്റില്‍ താഴെയായിരുന്നു ആഭ്യന്തര ഉത്പാദനം. പല അണക്കെട്ടുകളിലും ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞിരിക്കുകയാണ്. ഇതാണ് വൈദ്യുതോത്പാദനം ഗണ്യമായി കുറയ്ക്കാന്‍ ഇടയാക്കിയിരിക്കുന്നത്. ഇടുക്കിയില്‍ 2321.28 അടിയാണ് ഇന്നലത്തെ ജലനിരപ്പ്. സംഭരണശേഷിയുടെ 24 ശതമാനമാണിത്. മണ്‍സൂണ്‍ സീസണ് ആരംഭിച്ച ജൂണ്‍ ഒന്നിന് 2316.86 അടിയായിരുന്നു ജലനിരപ്പ്.
സംസ്ഥാനത്ത് വൈദ്യുതി വകുപ്പിനു കീഴിലുള്ള എല്ലാ അണക്കെട്ടുകളിലുമായി നിലവില്‍ 21 ശതമാനം വെള്ളം മാത്രമാണുള്ളത്. പമ്പ-20, ഷോളയാര്‍-13, ഇടമലയാര്‍-26, കുണ്ടള-13, മാട്ടുപെട്ടി-14, കുറ്റ്യാടി-29, ആനയിറങ്കല്‍-12, പൊന്മുടി-32, നേര്യമംഗലം-60, ലോവര്‍പെരിയാര്‍-59 എന്നിങ്ങനെയാണ് വിവിധ അണക്കെട്ടുകളിലെ ജലനിരപ്പ്. ഭേദപ്പെട്ട മഴ ലഭിച്ച കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 2346.56 അടിവെള്ളമാണ് ഇടുക്കി ജലസംഭരണിയിലുണ്ടായിരുന്നത്. അതേസമയം 2024ല്‍ 2328. 62 അടിയായിരുന്നു ഇതേ ദിവസത്തെ ജലനിരപ്പ്.
മണ്‍സൂണ്‍ സീസണില്‍ വൈദ്യുതി ഉപയോഗം കുറയുന്നതിനാല്‍ ഇടുക്കി പദ്ധതിയുടെ ഭാഗമായ മൂലമറ്റത്ത് വൈദ്യുതി ഉത്പാദനം കുറച്ച് വേനലിലേക്കു കരുതിവയ്ക്കുകയാണ് പതിവ്. ഇന്നലെ മൂലമറ്റത്ത് 3.178 ദശലക്ഷം യൂണിറ്റ് വൈദ്യുതി മാത്രമാണ് ഉത്പാദിപ്പിച്ചത്. സംസ്ഥാനത്ത് 90.321 ദശലക്ഷം യൂണിറ്റായിരുന്നു ഉപയോഗം. ഇതില്‍ 79.442 യൂണിറ്റും പുറത്തുനിന്നും വാങ്ങുകയായിരുന്നു.
ഏതാനും വര്‍ഷങ്ങളായി ജൂണില്‍ മഴ കുറയുകയും ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ മഴ കൂടിവരികയും ചെയ്യുന്ന പ്രവണതയാണുള്ളത്. 2024ല്‍ ഇതേ നിലയായിരുന്നു. എന്നാല്‍ ന്യൂനമര്‍ദം രൂപപ്പെട്ട് ഏതാനുംദിവസം അതിശക്തമായ മഴ ലഭിച്ചതോടെ അണക്കെട്ടുകളിലെ ജലനിരപ്പ് കുതിച്ചുയരുകയും ചെയ്തു.
കഴിഞ്ഞ വേനലില്‍ കടുത്ത ചൂടില്‍ വൈദ്യുതി ഉപയോഗം പല ദിവസങ്ങിലും റിക്കാര്‍ഡ് ഭേദിച്ചിരുന്നു. ഉപയോഗത്തിനനുസരിച്ച് വൈദ്യുതി ലഭ്യമാക്കാന്‍ കഴിയാതെവന്നതോടെ സംസ്ഥാനത്തു പലയിടത്തും ഭാഗിക വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു.
വരുംദിവസങ്ങളില്‍ മഴ ശക്തമായില്ലെങ്കില്‍ സംസ്ഥാനത്തെ വൈദ്യുതി ഉത്പാദനത്തെ അതു ഗണ്യമായി ബാധിക്കുമെന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്.